
അർധരാത്രി ബ്രോസ്റ്റഡ് ചിക്കൻ നൽകാത്തതിന് കോഴിക്കോട് കോഫി ഷോപ്പ് അടിച്ചുതകർത്തു, ജീവനക്കാരെ മർദിച്ചു
February 11, 2025താമരശ്ശേരി: അർധരാത്രി ബ്രോസ്റ്റഡ് ചിക്കൻ ചോദിച്ചെത്തിയ സംഘം കോഫി ഷോപ്പ് അടിച്ച് തകർക്കുകയും ജീവനക്കാരെയും മർദിക്കുകയും ചെയ്തു. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം.
ഇന്നലെ രാത്രി താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ടേക്ക് എ ബ്രേക്ക് എന്ന കടയിലായിരുന്നു സംഭവം. രാത്രി 12ഓടെ അഞ്ചുപേരെത്തി ബ്രോസ്റ്റഡ് ചിക്കൻ ചോദിക്കുകയായിരുന്നു. തീർന്നെന്ന് പറഞ്ഞതോടെ വാക്കുതർക്കമായി. ഇത് പിന്നീട് ആക്രമണത്തിന് വഴിമാറുകയായിരുന്നു.
ഉടമ ഫഈദിനും ജീവനക്കാരനായ മെഹ്ദി ആലമിനും മർദനമേറ്റു. കടയിലെ സാധനങ്ങളും അക്രമികൾ നശിപ്പിച്ചു. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.