
ഇന്ത്യയിലേക്കുള്ള രാസലഹരിക്കടത്ത്; പ്രധാന ഹബ്ബായി ഒമാൻ; പിന്നിൽ മലയാളികൾ അടങ്ങുന്ന വൻസംഘം
March 11, 2025ഇന്ത്യയിലേക്കുള്ള രാസലഹരിക്കടത്തിന്റെ പ്രധാന ഉറവിടമായി മാറിയിരിക്കുകയാണ് ഒമാൻ. മലയാളികളും ഇതര സംസ്ഥാനക്കാരും അടങ്ങുന്ന ഒരു വലിയ സംഘമാണ് രാജ്യത്തേക്ക് എംഡിഎംഎ കടത്തുന്നതിന് നേതൃത്വം വഹിക്കുന്നത്. വിമാനത്താവളങ്ങളിലെ പരിശോധനകൾ മറികടക്കാൻ ഫ്ലാസ്കിനുള്ളിൽ ഒളിപ്പിച്ചാണ് ലഹരി കടത്തുന്നത്. ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള ലഹരിക്കടത്ത് വലിയ തോതിൽ വർധിച്ചത് കോവിഡിന് ശേഷമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ബെംഗളൂരുവിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഒമാനിൽ എംഡിഎംഎയ്ക്ക് വില കുറവാണ്. ഒരു കിലോ എംഡിഎംഎയ്ക്ക് ബെംഗളൂരുവിൽ പത്തം ലക്ഷം രൂപയാണെങ്കിൽ ഒമാനിൽ എംഡിഎംഎയ്ക്ക് നാല് ലക്ഷം രൂപയാണ് വില. കൊച്ചി സിറ്റി പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയ പത്തംഗ സംഘം ഒരു വർഷത്തിനുള്ളിൽ കടത്തിയത് അഞ്ച് കിലോയിലേറെ എംഡിഎംഎ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒമാനിൽ നിന്നും ഇന്ത്യയിലേക്കുള്ള ലഹരിക്കടത്തിൽ കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ഒമാൻ പൗരന്മാർക്കൊപ്പം ലഹരിക്കടത്ത് നിയന്ത്രിക്കുന്നതിൽ മലയാളികൾക്കും പങ്കുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് ലഗേജിൽ ഒളിപ്പിച്ചും കാർഗോ വഴിയുമാണ് എംഡിഎംഎ എത്തിക്കുന്നത്. ഇടപാടുകാർ പറയുന്നത് അനുസരിച്ച് ഒമാനിൽ നിന്ന് എത്തുന്നത് ഒറിജിനൽ എംഡിഎംഎ ആണ്. ഒമാനിൽ നിന്നെത്തുന്ന എംഡിഎംഎയുടെ യഥാർത്ഥ ഉറവിടം ഇറാൻ ആണ്. ഇന്ത്യയിൽ ആഫ്രിക്കൻ വംശജരുടെ നേതൃത്വത്തിൽ നിർമിക്കുന്നത് എംഡിഎംഎയുടെ വ്യാജൻ ആണെന്നും ഇടപാടുകാർ പറയുന്നു.